M4 Malayalam
Connect with us

Latest news

കലാ മാമാങ്കത്തിന് തിരശ്ശീല വീണു,കേരള സ്‌കൂള്‍ കലോത്സവത്തിന് ആവേശകരമായ പരിസമാപ്തി

Published

on

കോഴിക്കോട് ;അഞ്ച് ദിവസം 24 വേദികളിലായി നടന്ന അറുപത്തിയൊന്നാമത് കേരള സ്‌കൂള്‍ കലോത്സവത്തിന് ആവേശകരമായ പരിസമാപ്തി. കോവിഡ് കവര്‍ന്ന രണ്ടു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം സംഘടിപ്പിച്ച കലോത്സവം സംഘാടന മികവു കൊണ്ടും സമയ കൃത്യത കൊണ്ടും ശ്രദ്ധേയമായി. ചരിത്രത്തില്‍ പുതിയ ഏടുകള്‍ തീര്‍ത്താണ് സ്‌കൂള്‍ കലോത്സവത്തിന് കൊടിയിറങ്ങിയത്.

ആതിഥേയരായ കോഴിക്കോടിനാണ് സ്വര്‍ണ കീരീടം. 945 പോയിന്റ് നേട്ടത്തോടെയാണ് കോഴിക്കോട് കിരീടം സ്വന്തം മണ്ണില്‍ ഏറ്റുവാങ്ങിയത്. ഇതോടെ കോഴിക്കോടിന്റെ കീരീടം നേട്ടം ഇരുപതായി. 925 പോയിന്റ് നേടിയ കണ്ണൂരും പാലക്കാടും രണ്ടാം സ്ഥാനം പങ്കിട്ടു. 915 പോയിന്റുമായി തൃശൂര്‍ മൂന്നാം സ്ഥാനം നേടി. പത്താം തവണയും പാലക്കാട് ഗുരുകുലം സ്‌കൂളിനാണ് ഒന്നാം സ്ഥാനം.രണ്ടാം സ്ഥാനത്തിനായി കണ്ണൂരും പാലക്കാടുമായി ശക്തമായ മത്സരമാണ് അവസാന നിമിഷം വരെ നടന്നത്.

മുഴുവന്‍ വേദികളിലും സമയ ബന്ധിതമായി മത്സരങ്ങള്‍ പൂര്‍ത്തിയാക്കാന്‍ സംഘാടകര്‍ക്ക് സാധിച്ചു എന്നതില്‍ സംഘാടകര്‍ക്ക് അഭിമാനിയ്ക്കാം.അപ്പീലുകളിലൂടെ എത്തിയ മത്സരാര്‍ത്ഥികളുടെ എണ്ണത്തിലും കുറവുണ്ടായി എന്നതും ശ്രദ്ധേയമായി.

21 സബ് കമ്മിറ്റികളുടെ നേതൃത്വത്തിലാണ് കലോത്സവത്തിന്റെ മുഴുവന്‍ പ്രവര്‍ത്തനങ്ങളും നടത്തിയത്.വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവന്‍കുട്ടിയും സ്വാഗത സംഘം ചെയര്‍മാനും പൊതുമരാമത്ത് വകുപ്പ് മന്ത്രിയുമായ പി.എ മുഹമ്മദ് റിയാസും കലോത്സവം ആരംഭിക്കുന്നതിന് മുമ്പുതന്നെ നിറ സാന്നിധ്യമായി രംഗത്തുണ്ടായിരുന്നു.പരാതികളുയരാത്ത തരത്തില്‍ മികച്ച രീതിയില്‍ കലോത്സവം സംഘടിപ്പിക്കാനായത് കമ്മിറ്റിയുടെ കൂട്ടായ പരിശ്രമത്തിന്റെ ഫലമായിട്ടാണെന്ന് മന്ത്രിമാര്‍ പറഞ്ഞു.

സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ നിന്നെത്തിയ കലാപ്രതിഭകളുടെ സുഗമമായ യാത്രയ്ക്കായി ഒരുക്കിയ കലോത്സവ വണ്ടികളുടെ പ്രവര്‍ത്തനം ഏവരുടെയും പ്രശംസ പിടിച്ചുപറ്റി. കഴിഞ്ഞ മത്സരങ്ങളില്‍ നിന്ന് വിഭിന്നമായാണ് ഇത്തരത്തിലൊരു പുത്തന്‍ ആശയം കൈകൊണ്ടത്. പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണയുമായി ഒട്ടോറിക്ഷ തൊഴിലാളികളുമെത്തിയതോടെ സംഭവം ഹിറ്റായി.

വേദികളുടെ പൂര്‍ണ്ണ നിയന്ത്രണം അധ്യാപികമാര്‍ക്ക് നല്‍കി കലോത്സവത്തില്‍ പുതുചരിത്രം രചിക്കാന്‍ കോഴിക്കോട് നടന്ന കേരള സ്‌കൂള്‍ കലോത്സവത്തിന് സാധിച്ചു. സ്റ്റേജ് മാനേജ്‌മെന്റ്, ആങ്കറിംഗ് ഉള്‍പ്പെടെ 24 വേദികളിലും അവര്‍ നിറഞ്ഞു നിന്നു. ശില്‍പം, മണല്‍ ശില്പം, ഗിറ്റാര്‍ ആകൃതിയിലുള്ള കൊടിമരം, തുടങ്ങി വ്യത്യസ്തമായ നിരവധി ആശയങ്ങളാണ് കലോത്സവം മുന്നോട്ട് വെച്ചത്.

ഗ്രീന്‍ പ്രോട്ടോകോള്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പൂര്‍ണ്ണമായും ഹരിത ചട്ടം പാലിച്ചാണ് കലോത്സവം സംഘടിപ്പിച്ചത് എന്ന പ്രത്യേകതയും ഇത്തവണയുണ്ട്. കുടിവെളള വിതരണത്തിനായി മണ്‍കൂജകളാണ് ഒരുക്കിയത്. രാപ്പകലില്ലാതെ കോര്‍പ്പറേഷന്റെയും ഗ്രീന്‍ ബ്രിഗേഡിന്റെയും സേവനവും ലഭ്യമായിരുന്നു.

കലോത്സവം ആരംഭിച്ച ജനുവരി മൂന്ന് മുതല്‍ ഏഴ് വരെ മുഴുവന്‍ വേദികളും ജനസാഗരമായ കാഴ്ചയായിരുന്നു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി പതിനായിരങ്ങളാണ് ഓരോ ദിവസവും കലോത്സവം കാണാന്‍ ഒഴുകിയെത്തിയത്. കലോത്സവത്തെ ജനങ്ങള്‍ ഏറ്റെടുത്തു എന്ന് വ്യക്തമാക്കുന്നതായിരുന്നു
രാവിലെ മുതല്‍ രാത്രി വരെ വേദികളെല്ലാം ജനനിബിഡമായ കാഴ്ച. കലാ പ്രകടനങ്ങളുമായി മത്സരാര്‍ത്ഥികള്‍ വേദികള്‍ കീഴടക്കിയപ്പോള്‍ ഹര്‍ഷാരവത്തോടെയാണ് കാണികള്‍ അവ നെഞ്ചിലേറ്റിയത്.

പഴയിടം മോഹനന്‍ നമ്പൂതിരിയുടെ നേതൃത്വത്തില്‍ വിഭവ സമൃദ്ധമായ ഭക്ഷണമാണ് ഒരുക്കിയിരുന്നത്. ദിനംപ്രതി 25000 ഓളം ആളുകളാണ് ഭക്ഷണത്തിനായി ചക്കരപന്തലിലെത്തിയത്.
മെഡിക്കല്‍ സേവനങ്ങളുമായി ആരോഗ്യ വിഭാഗവും, പോലീസ്, ഫയര്‍ ഫോഴ്‌സ്, ഇന്ത്യന്‍ റിസര്‍വ് ബറ്റാലിയന്‍, എന്‍.സി.സി, എസ്.പി.സി കേഡറ്റുകള്‍, യുവജന ക്ഷേമ ബോര്‍ഡിന്റെ ടീം കേരള വളണ്ടിയര്‍മാര്‍ ഉള്‍പ്പെടെയുള്ളവര്‍ കര്‍മ്മ നിരതരായി എല്ലാ വേദികളിലുണ്ടായിരുന്നു.

കോഴിക്കോടിന്റെ മഹോത്സവമായി കേരള സ്‌കൂള്‍ കലോത്സവം മാറി – പ്രതിപക്ഷ നേതാവ് വി. ഡി സതീശന്‍

കോഴിക്കോട് ;കേരള സ്‌കൂള്‍ കലോത്സവം കോഴിക്കോടിന്റെ മഹോത്സവമായി മാറിയെന്ന് പ്രതിപക്ഷ നേതാവ് വി. ഡി സതീശന്‍. കോഴിക്കോട് നടന്ന അറുപത്തിയൊന്നാമത് സ്‌കൂള്‍ കലോത്സവത്തിന്റെ സമാപന ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കോഴിക്കോടിന്റെ പെരുമയും തനിമയും ഒരുമയും എല്ലാം വിളിച്ചോതിയ കലോത്സവമാണ് നടന്നതെന്നും അദ്ദേഹം പറഞ്ഞു.

പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് അധ്യക്ഷത വഹിച്ചു. കേരള സ്‌കൂള്‍ കലോത്സവ മത്സരങ്ങള്‍ പരാതികള്‍ ഇല്ലാതെ മികച്ചരീതിയില്‍ സമയബന്ധിതമായി നടപ്പാക്കാന്‍ സാധിച്ചുവെന്ന്
അദ്ദേഹം പറഞ്ഞു. കോവിഡ് വരുത്തിയ ഇടവേളക്ക് ശേഷം വന്നെത്തിയ കേരള സ്‌കൂള്‍ കലോത്സവം റിവഞ്ച് സ്‌കൂള്‍ കലോത്സവമായി ജനങ്ങള്‍ ഏറ്റെടുത്തു. കമ്മിറ്റികള്‍, അധ്യാപക, വിദ്യാര്‍ത്ഥി സംഘടനകള്‍, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, ജനപ്രതിനിധികള്‍, കോര്‍പ്പറേഷന്‍, വിവിധ വകുപ്പുകള്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, ജനങ്ങള്‍ തുടങ്ങി എല്ലാവരും ഒന്നിച്ചു നിന്ന് കലോത്സവത്തെ വിജയിപ്പിച്ചു.

ശുചിത്വ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയ ശുചിത്വ തൊഴിലാളികള്‍, വാഹന സൗകര്യം ഒരുക്കിയ ഓട്ടോ തൊഴിലാളികള്‍, ദിവസേന കാല്‍ലക്ഷം പേര്‍ക്ക് ഭക്ഷണം വിളമ്പിയ ഭക്ഷണ കമ്മിറ്റി, വളണ്ടിയര്‍മാര്‍, പോലീസ്, വിവിധ കമ്മിറ്റികള്‍ എന്നിവര്‍ നടത്തിയത് മാതൃകാപരമായ പ്രവര്‍ത്തനമാണ്. ഏവരുടെയും ചടുലവും സമയബന്ധിതവുമായ ഇടപെടല്‍ കലോത്സവത്തെ പരാതികളില്ലാതെ മാതൃകാപരമായി നടപ്പാക്കാന്‍ സഹായിച്ചുവെന്നും മന്ത്രി പറഞ്ഞു.

പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവന്‍ കുട്ടി സമ്മാനദാനം നിര്‍വഹിച്ചു. കലോത്സവ നാളുകളില്‍ ഇത്രയും വിദ്യാര്‍ത്ഥികള്‍ അടങ്ങുന്ന സമൂഹത്തെ ഊട്ടുന്നത് ചരിത്രമാകുമെന്ന് അദ്ദേഹം പറഞ്ഞു. അടുത്ത തവണ വേള്‍ഡ് റെക്കോര്‍ഡ് അധികൃതരെ അറിയിച്ച് കലോത്സവം നടത്താം എന്നാണ് കരുതുന്നത്. ഭക്ഷണത്തിലെ വൈവിധ്യങ്ങളെ പ്രോത്സാഹിപ്പിക്കും വിധമുള്ള നടപടികള്‍ അടുത്ത കലോത്സവം മുതല്‍ ഉണ്ടാകും.
എല്ലാവരുടെ ഭക്ഷണസ്വാതന്ത്ര്യം സംരക്ഷിക്കപ്പെടുമെന്നും കൃത്യസമയം പാലിച്ച് മേള നടത്താനായി എന്നത് വലിയ നേട്ടമാണെന്നും അദ്ദേഹം പറഞ്ഞു.

സംഘാടക മികവുകൊണ്ടും ജനപങ്കാളിത്തം കൊണ്ടും പിന്തുണകൊണ്ടും ഉജ്ജ്വല വിജയം നേടിയ കലോത്സവമാണിതെന്ന് ഗതാഗത മന്ത്രി ആന്റണി രാജു പറഞ്ഞു. കലോത്സവവുമായി ബന്ധപ്പെട്ട സുവനീര്‍ പ്രകാശനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.

ക്യാപ്റ്റന്‍ വിക്രമിന്റെ മാതാപിതാക്കളെ ചടങ്ങില്‍ മന്ത്രിമാരായ പി. എ മുഹമ്മദ് റിയാസ്, വി. ശിവന്‍ കുട്ടി എന്നിവര്‍ ചേര്‍ന്ന് ആദരിച്ചു. തുറമുഖം – പുരാവസ്തു വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍, വനം വകുപ്പ് മന്ത്രി എ. കെ ശശീന്ദ്രന്‍ എന്നിവര്‍ ചേര്‍ന്ന് വിവിധ സബ്കമ്മിറ്റികളുടെ കണ്‍വീനര്‍മാര്‍, വിദ്യാര്‍ത്ഥികള്‍ എന്നിവര്‍ക്ക് ഉപഹാരം നല്‍കി.

ഗായിക കെ. എസ് ചിത്ര പ്രത്യേക ക്ഷണിതാവായിരുന്നു.എം. കെ രാഘവന്‍ എം. പി, എളമരം കരീം എം. പി, എം. എല്‍.എമാരായ തോട്ടത്തില്‍ രവീന്ദ്രന്‍, അഡ്വ. കെ എം സച്ചിന്‍ ദേവ്, ടി. പി രാമകൃഷ്ണന്‍, ഇ. കെ വിജയന്‍, കെ. പി കുഞ്ഞമ്മദ് കുട്ടി, ലിന്റോ ജോസഫ്, മേയര്‍ ഡോ. ബീന ഫിലിപ്പ്, ഡെപ്യൂട്ടി മേയര്‍ മുസാഫര്‍ അഹമ്മദ്, ജില്ലാപഞ്ചായത്ത് വൈസ് പ്രസിഡന്റ് എം. പി ശിവാനന്ദന്‍, പ്രിന്‍സിപ്പല്‍ സെക്രട്ടറി എ. പി. എം മുഹമ്മദ് ഹനീഷ്, ജില്ലാ കലക്ടര്‍ ഡോ. എന്‍ തേജ് ലോഹിത് റെഡ്ഢി, പോലീസ് കമ്മീഷണര്‍ രാജ് പാല്‍ മീണ, ചലച്ചിത്ര താരം വിന്ദുജ മേനോന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ ജീവന്‍ ബാബു സ്വാഗതവും സ്വീകരണ കമ്മിറ്റി കണ്‍വീനര്‍ ടി. ഭാരതി നന്ദിയും പറഞ്ഞു.

Latest news

കോതമംഗലം എസ് എൻ ഡി പി യൂണിയൻ സെക്രട്ടറി പി എ സോമൻ്റെ മാതാവ് കാർത്ത്യായനി നിര്യാതയായി

Published

on

By

കോതമംഗലം: പിണ്ടിമന പയ്യന വീട്ടിൽ പരേതനായ അച്ചുതൻ്റെ ഭാര്യ കാർത്യായനി(91) നിര്യാതയായി.
സംസ്കാരം 11 – ന്  ഉച്ചയ്ക്ക് 12 ന് . പരേതനായ പി.എ. ഗോപി, പി.എ.ഷാജി, പി.എ. സോമൻ, (കോതമംഗലം എസ്എൻഡി പി യൂണിയൻ സെക്രട്ടറി) പി.എ രാജൻ. മരുമക്കൾ ശാന്ത, സിന്ദു , സിനു സ്മിത
Continue Reading

Latest news

സംവിധായകന്‍ സംഗീത് ശിവന്‍ അന്തരിച്ചു

Published

on

By

മുംബൈ ; പ്രശസ്ത സംവിധായകനും ഛായഗ്രാഹനുമായ സംഗീത് ശിവന്‍ അന്തരിച്ചു. യോദ്ധ അടക്കം മലയാളത്തിലെ ഹിറ്റ് ചിത്രങ്ങളുടെ സംവിധായകനാണ് ഇദ്ദേഹം. പ്രമുഖ സ്റ്റില്‍ ഫോട്ടോഗ്രാഫറും ഛായഗ്രാഹകനുമായ ശിവന്‍റെ മകനായി 1959 ലാണ് സംഗീത് ശിവന്‍ ജനിച്ചത്.

എംജി കോളേജ്, മാർ ഇവാനിയോസ് കോളേജിലുകളുമായി പ്രീഡിഗ്രിയും ബി.കോം ബിരുദവും കരസ്ഥമാക്കിയ ശേഷം പിതാവിനൊപ്പം ഡോക്യുമെന്‍ററികളിലും മറ്റും ഭാഗമായാണ് ഇദ്ദേഹം സിനിമ രംഗത്തേക്ക് കടന്നുവന്നത്. 1990 ല്‍ ഇറങ്ങിയ വ്യൂഹം എന്ന ചിത്രമായിരുന്നു സംഗീത് ശിവന്‍റെ ആദ്യ സംവിധാന സംരംഭം. രഘുവരനേയും സുകുമാരനേയും കേന്ദ്ര കഥാപാത്രങ്ങളാക്കി ഒരുക്കിയ പൊലീസ് ക്രൈം സ്റ്റോറിയായിരുന്നു ഇത്. വ്യത്യസ്തമായ മേയ്ക്കിംഗിലും കഥപറച്ചിലിനാലും ചിത്രം ശ്രദ്ധിക്കപ്പെട്ടു.

പിന്നീട് മോഹൻ ലാലിനെ നായകനാക്കി യോദ്ധ. മലയാളത്തിലെ ക്ലാസിക് ചിത്രങ്ങളില്‍ ഒന്നായി ഇന്നും കരുതപ്പെടുന്ന ചിത്രമാണ് യോദ്ധ. പിന്നീട് ഡാഡി, ഗാന്ധർവ്വം, നിർണ്ണയം തുടങ്ങി ആറോളം ചിത്രങ്ങളാണ് സംഗീത് ശിവൻ മലയാളത്തില്‍ ഒരുക്കിയത്. ഇഡിയറ്റ്സ് എന്നൊരു ചിത്രം നിർമ്മിക്കുകയും ചെയ്തു.

സണ്ണി ഡിയോളിനെ നായകനാക്കിയ സോർ എന്ന ചിത്രത്തിലൂടെയാണ് സംഗീത് ബോളിവുഡില്‍ അരങ്ങേറ്റം കുറിച്ചത്. ബോളിവുഡില്‍ എട്ടോളം ചിത്രങ്ങള്‍ സംഗീത് ശിവന്‍ ഒരുക്കിയിട്ടുണ്ട്. യോദ്ധയിലൂടെ എ ആർ റഹ്മാനെ മലയാളത്തിലെത്തിച്ചതും സംഗീത് ശിവനാണ്. ഭാര്യ – ജയശ്രീ മക്കള്‍ – സജന, ശന്താനു.

Continue Reading

Latest news

ടാങ്കർ ലോറി ടാങ്കര്‍ ലോറി അപകടം: ഭക്ഷ്യ എണ്ണ റോഡിൽ ഒഴുകി ,വാഹനങ്ങൾ മറിഞ്ഞ് ഒട്ടെറെ പേർക്ക് പരിക്ക്‌

Published

on

By

കണ്ണൂർ: പഴയങ്ങാടി എരിപുരം കയറ്റത്തിൽ ടാങ്കർ ലോറി മറിഞ്ഞതിനെ തുടർന്ന് ഭക്ഷ്യ എണ്ണ റോഡിൽ ഒഴുകി ഗതാഗതം തടസ്സപെട്ടു. ലോറിക്ക് പിന്നാലെ വന്ന ഒട്ടെറെ ഇരുചക്ര വാഹനങ്ങള്‍
തെന്നി അപകടത്തിൽപ്പെട്ട്‌ ,  നിരവധി പേർക്ക് പരിക്കേറ്റു.

എണ്ണ അരക്കിലോ മീറ്റർ ദൂരത്തോളം റോഡിൽ ഒളിച്ചിറങ്ങിയതിനാൽ അപകടങ്ങൾ ഒഴിവാക്കുന്നതിന്റെ ഭാഗമായി പൊലീസിന് ഏറെ നേരം വന്ന വാഹനങ്ങൾ വഴിതിരിച്ച് വിടേണ്ട സാഹചര്യമായിരുന്നു.

പയ്യന്നൂരിൽ നിന്നും എത്തിയ അഗ്നിശമനസേനയും നാട്ടുക്കാരും , പഴയങ്ങാടി പൊലീസും ഏഴാം പഞ്ചായത്ത് പ്രസിഡന്റ് പി.ഗോവിന്ദനും ചേർന്നാണ് ഗതാഗതം പുനർസ്ഥാപിച്ചത്.

Continue Reading

Latest news

മുന്നറിയിപ്പ് നൽകിയില്ല: റദ്ദാക്കിയത് 70 വിമാനങ്ങൾ, കാരണം മിന്നൽ പണിമുടക്ക്

Published

on

By

കൊച്ചി: കേരളത്തിൽ നിന്നുള്ള എയർഇന്ത്യ  വിമാനങ്ങൾ യാത്രക്കാർക്ക് മുന്നറിയിപ്പ് നൽകാതെ 70  സർവീസ്സ് റദ്ദാക്കി.ജീവനക്കാരുടെ മിന്നൽ പണിമുടക്കിന് പിന്നാലെയാണ് വിമാനങ്ങൾ റദ്ദാക്കിയത്.

എഴുപതോളം രാജ്യാന്തര– ആഭ്യന്തര വിമാന സർവീസുകളാണ് ഇതെ തുടർന്ന് മുടങ്ങിയത്.
നൽകുന്ന ശമ്പളം വർദ്ധിപ്പിക്കണം എന്നാവശ്യപ്പെട്ടായിരുന്നു ക്യാബിൻ ക്രൂവിൽ ഉള്ളവർ അവധിയിൽ പ്രവേശിച്ചത്. ആഭ്യന്തര സർവീസുകളും മുടങ്ങിയ പശ്ചാത്തലത്തിൽ നൂറുകണക്കിന് യാത്രക്കാരെ അത് ആശങ്കയിലാക്കി.

മുന്നറിയിപ്പില്ലാതെ അധികൃതർ വിമാനങ്ങൾ റദ്ദാക്കിയത് ജോലി ആവശ്യങ്ങളടക്കം വിദേശത്തെത്തേണ്ടവരെയും നൂറുകണക്കിന് കുടുബങ്ങളെയും ബാധിച്ചു.പലരും ബോർഡിങ് പാസ് ഉൾപ്പടെയുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കി മണിക്കൂറുകളോളമാണ് യാത്രക്കായി വിമാനത്താവളത്തിൽ ചിലവഴിച്ചത്.

ദൂര ദേശങ്ങളിൽ നിന്ന് പോലും യാത ചെയ്യാനെത്തിയവരെയും പണിമുടക്ക് വലിയ രീതിയിൽ ബാധിച്ചു. യാത്ര മുടങ്ങിയതിന്റെ കാരണവും അധികൃതർ വ്യക്തമാക്കിയിരുന്നില്ല.

ഇതിന് പിന്നാലെയാണ് യാത്രക്കാർ പ്രതിഷേധമറിയിച്ച് രംഗത്തെത്തിയത്. പിന്നീട് യാത്രക്കാരുടെ പ്രതിഷേധം ശക്തമായ സാഹചര്യത്തിൽ ജീവനക്കാരുടെ മിന്നൽ പണിമുടക്കിനെ തുടർന്നാണ് സർവീസുകൾ റദ്ദാക്കേണ്ടി വന്നതെന്ന് കമ്പനി അറിയിക്കുകയായിരുന്നു.

കാബിൻ ക്രൂ നടത്തുന്ന സമരം നിയമവിരുദ്ധമാണെന്നും എയർ ഇന്ത്യ എക്സ്പ്രസിന്റെ മാറ്റം അംഗീകരിക്കാനാവാത്തവരാണ് സമരത്തിന് പിന്നിലെന്നുമാണ് അധികൃതരുടെ ഭാഗത്തുനിന്ന് വരുന്ന വിശദീകരണം.

പിന്നാലെ യാത്രക്കാർക്ക് ടിക്കറ്റ് തുക മടക്കിനൽകുകയോ, പകരം യാത്രാ സംവിധാനം ഒരുക്കുകയോ ചെയ്യാമെന്നും അധികൃതർ വ്യക്തമാക്കിയതായിട്ടാണ് സൂചന

Continue Reading

Latest news

എസ് എസ് എൽ സി പരീക്ഷാഫലം പ്രഖ്യാപിച്ചു ; കഴിഞ്ഞ വർഷത്തേക്കാൾ 0.01 വിജയശതമാനം കുറവ്

Published

on

By

തിരുവനന്തപുരം ; ഈ വര്‍ഷത്തെ എസ്‌എസ്‌എല്‍സി പരീക്ഷാഫലം പ്രഖ്യാപിച്ചു. 99.69 ആണ് വിജയശതമാനം. കഴിഞ്ഞ വർഷത്തേക്കാൾ 0.01 ശതമാനത്തിന്റെകുറവാണുള്ളത്. 2970 സെന്ററുകളിലായി 4,27,153 വിദ്യാര്‍ഥികളാണ് ഇത്തവണ എസ്‌എസ്‌എല്‍സി പരീക്ഷയെഴുതിയത്.

71831 വിദ്യാര്‍ഥികള്‍ക്ക് ഫുള്‍ എ പ്ലസ് ലഭിച്ചു. എപ്ലസ് കൂടുതല്‍ നേടിയ വിദ്യാര്‍ഥികള്‍ മലപ്പുറം ജില്ലയിലാണ് 4,25, 563 പേര്‍ ഉന്നത വിദ്യാഭ്യാസത്തിനായി യോഗ്യത നേടി. വിജയ ശതമാനം ഏറ്റവും കുറഞ്ഞത് തിരുവനന്തപുരത്താണ്. കൂടുതല്‍ കോട്ടയത്ത്(99.92). പാലാ വിദ്യാഭ്യാസ ജില്ലയില്‍ പരീക്ഷ എഴുതിയ മുഴുവന്‍ കുട്ടികളും ജയിച്ചു. 892 സര്‍ക്കാര്‍ സ്‌കൂളുകളില്‍ നൂറ് ശതമാനമാണ് വിജയം.

പരീക്ഷ വിജയകരമായി പൂര്‍ത്തിയാക്കാന്‍ പ്രവര്‍ത്തിച്ച എല്ലാ ജീവനക്കാരെയും മന്ത്രി അഭിനന്ദിച്ചു. പരീക്ഷയില്‍ വിജയിച്ച എല്ലാവരെയും മന്ത്രി അനുമോദിച്ചു. നാലുമണി മുതല്‍ ഔദ്യോഗിക വെബ്‌സൈറ്റ് വഴി ലഭിക്കുമെന്ന് മന്ത്രി വി ശിവന്‍കുട്ടിപറഞ്ഞു. ടിഎച്ച്‌എസ്‌എല്‍സി പരീക്ഷയില്‍ 2944 പേര്‍ പരീക്ഷ എഴുതിയതില്‍ 2938 പേര്‍ വിജയിച്ചു. 99.8 ആണ് വിജയശതമാനം. 534 പേര്‍ക്ക് മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് ലഭിച്ചു.

പരീക്ഷാ ഫലം പിആര്‍ഡി ലൈവ് മൊബൈല്‍ ആപ്പിലൂടെ വേഗത്തിലറിയാന്‍ സൗകര്യമൊരുക്കിയിട്ടുണ്ട്. ഹോം പേജിലെ ലിങ്കില്‍ രജിസ്റ്റര്‍ നമ്ബര്‍ മാത്രം നല്‍കിയാലുടന്‍ വിശദമായ ഫലം ലഭിക്കും. ക്ലൗഡ് സംവിധാനത്തിലൂടെ പോസ്റ്റ് ചെയ്തിരിക്കുന്ന ആപ്പില്‍ തിരക്കുകൂടുന്നതിനനുസരിച്ച്‌ ബാന്‍ഡ് വിഡ്ത്ത് വികസിക്കുന്ന ഓട്ടോ സ്‌കെയിലിങ് സംവിധാനമാണ് ഉപയോഗിച്ചിരിക്കുന്നത്. അതുകൊണ്ടു തന്നെ ഫലം തടസമില്ലാതെ വേഗത്തില്‍ ലഭ്യമാകും. ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ ഔദ്യോഗിക മൊബൈല്‍ ആപ്പായ PRD Live ഗൂഗിള്‍ പ്ലേ സ്റ്റോറിലും ആപ്പ് സ്റ്റോറിലും ലഭ്യമാണ്.

എസ്‌എസ്‌എല്‍സി / ഹയർ സെക്കൻഡറി/ വിഎച്ച്‌എസ്.ഇ ഫലങ്ങളറിയാൻ www.results.kite.kerala.gov.in എന്ന പ്രത്യേക ക്ലൗഡധിഷ്ഠിത പോർട്ടലിന് പുറമെ ‘സഫലം 2024′ എന്ന മൊബൈല്‍ ആപ്പും കേരളാ ഇൻഫ്രാസ്ട്രക്ചർ ആന്റ് ടെക്‌നോളജി ഫോർ എഡ്യൂക്കേഷൻ (കൈറ്റ്) സജ്ജമാക്കി.

എസ്‌എസ്‌എല്‍സിയുടെ വ്യക്തിഗത റിസള്‍ട്ടിനു പുറമെ സ്‌കൂള്‍ – വിദ്യാഭ്യാസ ജില്ല – റവന്യൂജില്ലാ തലങ്ങളിലുള്ള റിസള്‍ട്ട് അവലോകനം, വിഷയാധിഷ്ഠിത അവലോകനങ്ങള്‍, വിവിധ റിപ്പോർട്ടുകള്‍ തുടങ്ങിയവ ഉള്‍ക്കൊള്ളുന്ന പൂർണ്ണമായ വിശകലനം പോർട്ടലിലും മൊബൈല്‍ ആപ്പിലും’റിസള്‍ട്ട് അനാലിസിസ്’ എന്ന ലിങ്ക് വഴി ലോഗിൻ ചെയ്യാതെ തന്നെ ലഭിക്കും. ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്നും ‘Saphalam 2024’ എന്നു നല്‍കി ആപ് ഡൗണ്‍ലോഡ് ചെയ്യാം.

Continue Reading

Trending

error: